പത്തനംതിട്ട : കോന്നിയിലെ 19 പൊതുവിദ്യാലയങ്ങള്‍ക്ക് സ്‌കൂള്‍ ബസ് വാങ്ങുന്നതിനും, ആധുനിക പാചകപുരയ്ക്കും, ടോയ്‌ലറ്റ് കോംപ്ലക്സിനുമായി 3.09 കോടി രൂപ എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ഉയരെ. പദ്ധതിയുടെ ഭാഗമായി അങ്കണവാടി മുതല്‍ സിവില്‍ സര്‍വീസ് അക്കാദമി വരെ ആധുനികവും മികവുറ്റമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.ഉയരെ പദ്ധതിയുടെ ഭാഗമായാണ് പുതിയ സ്‌കൂള്‍ ബസ് വാങ്ങുന്നതിനും ആധുനിക പാചകപ്പുരയ്ക്കും ടോയ്ലറ്റ് കോംപ്ലക്സിനുമായി 3.09 കോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചത്. 12 സ്‌കൂളുകള്‍ക്ക് ബസ് വാങ്ങുന്നതിനായി 2.10 കോടി രൂപയും ആധുനിക പാചകപ്പുരയ്ക്കും ടോയ്ലറ്റ് കോംപ്ലക്സിനുമായി 99 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ദീര്‍ഘ നാളുകളായി മലയോര മേഖലയിലെ പൊതുവിദ്യാലയങ്ങളുടെ പ്രധാനപ്പെട്ട ആവശ്യമായിരുന്നു സ്വന്തമായി സ്‌കൂള്‍ ബസ്. അഡ്വ. കെ യു.ജനീഷ് കുമാര്‍ എംഎല്‍എ ആയതിനു ശേഷം സ്‌കൂള്‍ അധികൃതരും രക്ഷകര്‍ത്യ സമിതികളും എം എല്‍ എ യ്ക്ക് നേരിട്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.നിയോജക മണ്ഡലത്തിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ആധുനികവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ജിഎച്ച്എസ്എസ് കലഞ്ഞൂര്‍, ജിഎച്ച്എസ്എസ് കോന്നി,ജിഎച്ച്എസ്എസ് ചിറ്റാര്‍,ജിഎച്ച്എസ്എസ്‌കൈപ്പട്ടൂര്‍,ജിഎച്ച്എസ്എസ് മാരൂര്‍,ജിവിഎച്ച്എസ്എസ് കൂടല്‍,ജിഎച്ച്എസ്എസ് മാങ്കോട്,ജെഎംപിഎച്ച്എസ് മലയാലപ്പുഴ,ജിഎച്ച്എസ്എസ് തേക്കുതോട്, ജിഎല്‍പിഎസ് കോന്നി,ജിഎല്‍പിഎസ് വി. കോട്ടയം,ഗവ.ട്രൈബല്‍ യുപിഎസ് മുണ്ടന്‍പാറഎന്നീ സ്‌കൂളുകള്‍ക്കാണ് പുതിയ സ്‌കൂള്‍ ബസ് അനുവദിച്ചത്. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുമെന്നും എം എല്‍ എ അറിയിച്ചു.