അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിന് 3 കോടി

25

റോഡപകടങ്ങളിൽപ്പെട്ടവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിഗ് സെന്ററിന് (എ.ടി.ഇ.എൽ.സി.) 3 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിഗ് സെന്റർ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചത്.

ഹൈ ഫിഡലിറ്റി സിമുലേറ്ററുകൾ, വിവിധ മാനികിനുകൾ തുടങ്ങിയ പരിശീലന അനുബന്ധ സംവിധാനങ്ങൾ ക്കാണ് തുകയനുവദിച്ചത്. ഈ സെന്റർ വഴി ഇതുവരെ 11,000 പേർക്കാണ് വിദഗ്ധ പരിശീലനം നൽകിയത്. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ട്രോമ ആന്റ് എമർജൻസിയിൽ വിദഗ്ധ പരിശീലനം നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളജുകളിലും പ്രധാന ആശുപത്രികളിലും എമർജൻസി ആൻഡ് ട്രോമ കെയർ സൗകര്യങ്ങൾ സജ്ജമാക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇതിൽ ഏറ്റവും പ്രധാനമാണ് ജീവനക്കാർക്കുള്ള പരിശീലനം. ഒരാൾ അപകടത്തിൽപ്പെട്ടാൽ ഗോൾഡൻ അവറിനുള്ളിൽ അയാളെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്.

ഇത് മുന്നിൽ കണ്ടാണ് ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനായി അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെന്റർ ആരംഭിച്ചത്.ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ തുടങ്ങിയവർക്കായി വിവിധ തരം എമർജൻസി ആൻഡ് ട്രോമ അനുബന്ധ കോഴ്സുകളാണ് ഈ സെന്ററിൽ നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കേന്ദ്രത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, സിമുലേഷൻ ലാബുകൾ, ഡീബ്രീഫിങ്ങ് റൂമുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരിശീലനം നൽകുന്നതിന് ഉപയോഗിക്കുന്ന വിവിധതരം കൃത്രിമോപകരണങ്ങൾ, മനുഷ്യശരീരത്തിനു സമാനമായ മാനികിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് പുതിയ സംവിധാനങ്ങൾക്ക് തുകയനുവദിച്ചത്.

NO COMMENTS