തിരുവനന്തപുരം താലൂക്കിലെ ബീമാപ്പള്ളി ആസാദ് നഗറില്‍ താമസക്കാരായ ഹസന്‍ കണ്ണ്, നബീസ ദമ്പതികളുടെ 32 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായി. സര്‍ക്കാര്‍ ഇടപെടലില്‍ സ്വന്തം പേരില്‍ ഇവര്‍ക്കു ഭൂമി ലഭിച്ചു.
സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയ വിതരണ ചടങ്ങില്‍ മന്ത്രി ആന്റണി രാജുവില്‍ നിന്ന് സ്വന്തം പേരിലുള്ള ഭൂമിയുടെ പട്ടയം വാങ്ങിയപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ ആവില്ലെന്ന് ഈ കുടുംബം.
രണ്ടു സെന്റ് ഭൂമിയില്‍ തകരഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് ഹസന്‍കണ്ണും ഭാര്യയും മൂന്നുമക്കളും മരുമക്കളും അവരുടെ ആറ് കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത്. ഒരു മഴ പെയ്താല്‍ റോഡിലെ വെള്ളം വീട്ടിലെത്തും. ഒരു വീടിനായി വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
പട്ടയമില്ലെന്ന കാരണത്താല്‍ അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ പോലും ലഭിച്ചിരുന്നില്ല. അതിനാണ് ഈ പട്ടയം ലഭിച്ചതിലൂടെ പരിഹാരമായിരിക്കുന്നത്. ഇനി ഒരു വീട് എന്ന സ്വപ്നമാണ് ഉള്ളതെന്ന് ഈ ദമ്പതികള്‍ പറയുന്നു.