മലപ്പുറം: കരിപ്പൂരില്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമിയിലെ സഹപാഠികളാണ് അറസ്റ്റിലായത്. മാനസിക പീഡനം, ദലിത് പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റിലായവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നവംബര്‍ 30നാണ് കരിപ്പൂരിലെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടിയത്. തിരുവനന്തപുരം അരിസ്‌റ്റോ ജംങ്ഷനിലുള്ള ഐപിഎംഎസ് ഏവിയേഷന്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനി ട്രെയിനിങിനായി കരിപ്പൂരില്‍ പോയപ്പോഴാണ് ലോഡ്ജില്‍ നിന്നും ചാടിയത്.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിരന്തരമായ ജാതീയ അധിക്ഷേപവും, ശാരീരിക ഉപദ്രവവും തന്റ മകള്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തങ്ങളുടെ മകള്‍ വിവാഹം കഴിച്ചതും വലിയ പ്രശ്‌നമാക്കിയെന്നും, താഴ്ന്ന ജാതിയിലുള്ളതിനാല്‍ മകള്‍ പഠിക്കുന്നത് സ്ഥാപനത്തിന് നാണക്കേടാണെന്നും മറ്റ് കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോലും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ സമ്മതിച്ചിരുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്.