പത്തനം തിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു, വി.എച്ച്.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ ക്കായി 35,000 മാസ്ക്കുകള്‍ ജില്ലയില്‍ തയ്യാറായി. പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം, സര്‍വശിക്ഷാ അഭിയാന് കേരളവും ചേര്‍ന്ന് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് സംസ്ഥാന തലത്തില്‍ 10 ലക്ഷം മാസ്ക്കുകളാണ് തയ്യാറാക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു, വി.എച്ച്.എസ്.എസ് പരീക്ഷ എഴുതുന്ന 35,000 വിദ്യാര്‍ത്ഥികളാണുള്ളത്. ഇവര്‍ക്കായി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം വോളന്റീയര്‍ മാര്‍ വീടുകളില്‍ നിര്‍മ്മിച്ച പുനരുപയോഗിക്കാവുന്ന 35,000 മാസ്ക്കുകള്‍ നിര്‍മ്മിച്ചു. ‘മാസ്ക്ക് ചലഞ്ച് ‘ എന്ന പ്രോഗ്രാമിന്റെ ഭാഗമായാണു മാസ്ക്ക് തയ്യാറാക്കിയത്. മാസ്ക്കുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍. എസ്. എസ് വോളന്റീയര്‍മാര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം നല്‍കിയിരുന്നു.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ മാസ്ക്കുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് എന്‍.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണില്‍ നിന്നും സ്വീകരിച്ചു.
എന്‍.എസ്.എസ് റീജിയണല്‍ പ്രോഗ്രാം കണ്‍വീനര്‍ സജീവര്ഗീസ്, ജില്ലാ കണ്‍വീനര്‍ വി.എസ് ഹരികുമാര്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഫിറോസ്ഖാന്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഫാ.റിന്‍ജു പി കോശി, ജേക്കബ് ചെറിയാന്, ആര്.മണികണ്ഠന്, കെ.ഹരികുമാര്‍, എന്‍.അനുരാഗ്, എന്‍.എസ്.എസ് വോളന്റീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.