മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു

248

കൊല്‍ക്കത്ത: മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തി രാജ്യശ്രദ്ധ ആകര്‍ഷിച്ച ഇസ്രത് ജഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. മുത്തലാഖ് വിഷയത്തില്‍ ബിജെപിയുടെ നിലപാടിനോട് തനിക്ക് യോജിപ്പായിരുന്നു. അതിനാലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഇസ്രത് ജഹാന്‍ പറഞ്ഞു.

മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെ തന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമായെന്ന് ഇസ്രത് ജഹാന്‍ പറഞ്ഞു. താന്‍ സാമൂഹ്യ ഒറ്റപ്പെടലിന് ഇരയായി. ഇസ്ലാമിക നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയെന്നാരോപിച്ച് തനിക്കെതിരെ ഭീഷണി ഉയര്‍ന്നതായും അവര്‍ പറഞ്ഞു.

ബംഗാള്‍ സ്വദേശിയായ ഇസ്രതിനെ ഭര്‍ത്താവ് മുര്‍ത്താസ ദുബായില്‍ നിന്ന് ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. 2014 ഏപ്രിലിലാണ് മൊഴി ചെല്ലിയത്. തുടര്‍ന്ന് ഇതിനെതിരെ ഇസ്രത് കോടതിയെ സമീപിച്ചു. ഇസ്രത് ഉള്‍പ്പെടെ മുത്തലാഖിന് ഇരയായ അഞ്ച് മുസ്ലീം സ്ത്രീകളുടെ ഉള്‍പ്പെടെ ഏഴ് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി മുത്തലാഖ് നിരോധിച്ചത്.

NO COMMENTS