അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും നാലു ബൈക്കുകളും കത്തിനശിച്ച നിലയില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുറവന്‍തോടിനു സമീപം കൊച്ചുപറമ്പില്‍ അഷ്റഫിന്റെ വീടിനു പിന്നില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയായത്. പുതിയ കാര്‍, രണ്ട് ബൈക്കുകള്‍, ആക്ടീവാ മോഡല്‍ രണ്ട് സ്‌കൂട്ടറുകള്‍ എന്നിവയാണ് പൂര്‍ണമായും കത്തിനശിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്.
വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ നിര്‍മ്മിച്ചിരുന്ന ഷെഡും സമീപത്തെ വൃക്ഷങ്ങളും കത്തിയമര്‍ന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഒരു യൂണിറ്റ് അഗ്നിശമന സേനയും ചേര്‍ന്നാണ് തീയണച്ചത്. വാഹനങ്ങള്‍ കത്തിയതിനു സമീപത്ത് പെട്രോള്‍ നിറച്ചു കൊണ്ടുവന്നു എന്നു കരുതുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കിടന്നിരുന്നു.
പുന്നപ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.