ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കെജ്‌രിവാള്‍ സര്‍ക്കാറിന്‍റെ ഒമ്പത് ഉപദേശകരെ കേന്ദ്രം പുറത്താക്കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ ആണ് പുറത്താക്കിയത്. ധനമന്ത്രാലയം ഈ നിയമനങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന്‍ ചൂണ്ടിക്കാട്ടിയാണ് ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടി. എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് ഗവര്‍ണറുടെ നടപടിക്ക് പിന്നിലെന്ന് ആം ആദ്മി ആരോപിച്ചു. ഡല്‍ഹിയിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകനായി ഒരു രൂപ ശമ്ബളത്തില്‍ നിയമിച്ച അതീഷി മര്‍ലേനയും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2015 ലാണ് മന്ത്രിസഭയെ സഹായിക്കാനെന്ന പേരില്‍ ഒമ്ബത് ഉപദേശകരെ ഡല്‍ഹി സര്‍ക്കാര്‍ നിയമിക്കുന്നത്. എന്നാല്‍ ഇത്തരം നിയമനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം കണ്ടെത്തി. ഇവരെ പുറത്താക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നടപടിയെടുത്തതെന്നാണ് വിവരം.