തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ കോമൺ തസ്തികകൾക്ക് 4 ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാന സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം 3 ശതമാനത്തിൽ നിന്നും 4 ശതമാനമായി ഉയർത്തി നേരത്തെ പൊതു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് മുമ്പ് 3 ശതമാനം സംവരണം അനുവദിച്ചിരുന്ന 49 കോമൺ കാറ്റഗറി തസ്തികകൾക്ക് 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ച് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചത്. ഉദ്യോഗാർത്ഥികൾ സംവരണത്തിനായി ഉത്തരവിനോടനു ബന്ധിച്ചിറക്കിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടർച്ചയാണ് ഈ ഭിന്നശേഷി സംവരണം. 2016ലെ ആർ.പി.ഡബ്ല്യു.ഡി. ആക്ടനുസരിച്ചാണ് നേരത്തെ 3 ശതമാനത്തിൽ നിന്നും 4 ശതമാനമാക്കി സംവരണം വർധിപ്പിച്ചത്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്.) 2016ലെ അംഗപരിമിതാവകാശ നിയമപ്രകാരം 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചുകൊണ്ട് മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏർപ്പെടുത്തി അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ, കോളജുകളിലെ തസ്തികകളിൽ ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചത് സന്തോഷമുള്ള കാര്യമാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് തൊഴിൽ സംവരണം നൽകണമെന്ന സംസ്ഥാന സർക്കാർ നയം കോടതി ശരിവയ്ക്കുകയായിരുന്നു. ഭിന്നശേഷി മേഖലയിലുള്ള കൂടുതൽ പേർക്ക് ജോലി ലഭിക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.