ന്യൂഡല്‍ഹി: 400 കോടിയിലധികം രൂപ വായ്പയെടുത്ത ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബസ്മതി അരി കയറ്റുമതി ചെയ്യുന്ന രാംദേവ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഉടമകളെയാണ് 2016 മുതല്‍ കാണാതായിരിക്കുന്നത്.
എസ്ബിഐ ഉള്‍പ്പടെ നിരവധി ബാങ്കുകളില്‍ നിന്നും വായ്പ്പയെടു ത്തതായാണ് റിപ്പോര്‍ട്ട്. എസ്ബിഐയില്‍ നിന്നും 173.11 കോടി, കാനറ ബാങ്കില്‍ നിന്നും 76.09 കോടി, യൂണിയന് ബാങ്കില്‍ നിന്നും 64.31 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 51.31 കോടി, കോര്പറേഷന് ബാങ്കില്‍ നിന്നും 36.91 കോടി, ഐഡിബിഐ ബാങ്കില്‍ നിന്നും 12.27 കോടി എന്നിങ്ങനെയാണ് ഇവര്‍ വായ്പയെടുത്തത്.
നാലുവര്‍ഷങ്ങള്‍ക്കു ശേഷം ഫെബ്രുവരി 25ന് എസ്ബിഐ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 28ന് സിബിഐ കേസ് ഫയല്‍ ചെയ്തു. കമ്പനി ഉടമകളായ നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗീത, പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ വിശ്വാസ വഞ്ചന, കള്ള ഒപ്പിടല്‍, അഴിമതി തുടങ്ങിയ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. ലിക്വിഡിറ്റി പ്രശ്നങ്ങള്‍ കാരണം കമ്ബനിയുടെ അക്കൗണ്ട് 27-01-2016ല്‍ നിഷ്ക്രിയ ആസ്ഥിയായി മാറിയിരുന്നു. 173.11 കോടി രൂപ കുടിശികയുമുണ്ടായിരുന്നു.
2016ല്‍ ബാങ്ക് നടത്തിയ ഓഡിറ്റില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി കൃത്രിമ ബാലന്‍സ് ഷീറ്റുണ്ടാക്കിയതായും ബാങ്ക് ഫണ്ടുകളുടെ ചിലവില്‍ പ്ലാന്റും മറ്റു യന്ത്രങ്ങളും നിയമവിരുദ്ധമായി നീക്കം ചെയ്തതായും കണ്ടെത്തിയിരുന്നു.
കമ്പനി അക്കൗണ്ട് നിഷ്ക്രിയ ആസ്ഥിയായി മാറ്റിയതിനു ശേഷം 2016 ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ എസ്ബിഐ, കമ്പനിയുടെ ആസ്തിയില്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. എന്നാല്‍ കമ്പനി ഉടമകളെ കണ്ടെത്താനായില്ലെന്നും ഇവര്‍ രാജ്യം വിട്ടതായും എസ്ബിഐ പരാതിയില്‍ പറയുന്നു.