തിരുവനന്തപുരം : സംഗീതസംവിധായകനും ഗായകനുമായ കരമന സ്വദേശി സഞ്ജീവ് ശ്രീനിവാസന്‍റെ ചികിത്സക്കുള്ള പണം സ്വരൂപിക്കാൻ നഗരകൂട്ടായ്മ ഒരുങ്ങി. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലുള്ള അദ്ദേഹത്തിന് സഹായഹസ്തവുമായി വിശിഷ്ട വ്യക്തികൾ എത്തിയപ്പോൾ അത് നഗരത്തിന് പുത്തനുണർവ് സമ്മാനിച്ചു. പ്രസ്ക്ലബിൽ നടന്ന പ്രത്യേക ചടങ്ങിൽ അദ്ദേഹത്തിനായി മധു ബാലകൃഷ്ണനും അശ്വതി നായരും ചേർന്ന് ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരവും നടന്നു. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യുന്ന സഞ്ജീവിന് എത്രയും വേഗം വൃക്ക മാറ്റിവയ്ക്കണമെന്നും അദ്ദേഹത്തിന് മനസ്സറിഞ്ഞ സഹായം ലഭ്യമാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും നിർമാതാവ് ജി സുരേഷ്കുമാർ പറഞ്ഞു. മണക്കാട് ഗോപൻ അധ്യക്ഷനായ ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. എസ്സ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സഞ്ജീവിന്റെ പേരിൽ ഫെഡറൽ ബാങ്ക് ചാല ബ്രാഞ്ചിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. FDRL0001862 എന്ന നമ്പറിൽ സഹായങ്ങൾ അയക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.