ജറൂസലേമിലെ യു എസ് എംബസിക്ക് നേരെ പ്രതിഷേധം ; വെടിവെയ്പ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു

245

ഗാസ : ജറൂസലേമില്‍ അമേരിക്കന്‍ നയതന്ത്ര കാര്യാലയം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു. 1,300 പേര്‍ക്കു പരുക്കേറ്റു. 2014ലെ ഗാസ യുദ്ധത്തിന് ശേഷം ഒരു ദിവസം ഇത്രയും അധികം പേര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. ഇസ്രയേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കു തുടക്കമായാണ് യു എസ് ജറുസലമില്‍ എംബസി തുറന്നത്. എംബസിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ജറൂസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസിന്റെ നീക്കം പലസ്തീനിലും ലോകരാജ്യങ്ങള്‍ക്കിടയിലും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.

അമേരിക്കയുടെ നടപടിക്കെതിരെ ഗാസയില്‍ ഭരിക്കുന്ന ഹമാസ് ‘ഗ്രേറ്റ് മാര്‍ച്ച്‌ ഓഫ് റിട്ടേണ്‍’ എന്ന പേരില്‍ കഴിഞ്ഞ ആറാഴ്ചയായി വന്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന വേലി ഭേദിക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഇസ്രയേലിന്റെ വാദം. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇസ്രയേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കാനുള്ള തീരുമാനം അമേരിക്ക പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് യു എസ് സ്ഥാനപതി കാര്യാലയം ടെഅല്‍ അലീവില്‍ നിന്നും ജറുസലേമിലേക്ക് മാറ്റാന്‍ നടപടി ആരംഭിച്ചതോടെ പാലസ്തീന്‍ തര്‍ക്കവുമായി രംഗത്തെത്തി. ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം. നഗരത്തിന്റെ പദവി സംബന്ധിച്ച്‌ ഇസ്രായേലും പാലസ്തീനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

NO COMMENTS