കൊച്ചി: മത സ്പര്‍ധയുളവാക്കുന്ന പാഠ ഭാഗങ്ങള്‍ പഠിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടറുമായ എം എം അക്ബറിന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസം 25ന് ആസ്‌ത്രേലിയയില്‍ നിന്ന് ദോഹയിലേക്ക് കടക്കുന്നതിനിടെ ഹൈദരബാദ് വിമാനത്താവളത്തില്‍ വെച്ചാണ് അക്ബര്‍ പിടിയിലായത്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതിക്കായി അന്വേഷണം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലെന്നും വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത് അബദ്ധത്തിലാണെന്നും എറണാകുളം എ സി പി. കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനിടെ അക്ബര്‍ മൊഴി നല്‍കിയിരുന്നു.
നേരത്ത, അക്ബര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസ് സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്നതാണെന്നും ഇതിനെ ലാഘവത്തോടെ കാണാനാകില്ലെന്നും നിരീക്ഷിച്ചതിന് ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്.