കണ്ണൂര്‍ : പിണറായിയിലെ ദുരൂഹമരണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമനാണ് അന്വേഷണച്ചുമതല. ഇതുമായി ബന്ധപ്പെട്ട് മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൗമ്യയുമായി ബന്ധമുള്ള യുവാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. സൗമ്യയുടെ മക്കളും മാതാപിതാക്കളുമാണ് ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചത്. അലുമിനിയം ഫോസ്‌ഫൈഡ് ഉള്ളില്‍ച്ചെന്നാണ് മാതാപിതാക്കളുടെ മരണം. കീടനാശിനിയിലും എലിവിഷത്തിലും ഉപയോഗിക്കുന്ന രാസവസ്തുവാണ് അലൂമിനിയം ഫോസ്ഫേറ്റ്. ഇത് നേരിയ അളവില്‍ അകത്തെത്തിയാല്‍ പോലും ഛര്‍ദ്ദിയും ശ്വസം മുട്ടലുമുണ്ടാക്കും. രക്തസമ്മര്‍ദ്ദം കുറഞ്ഞ് മരണം വരെ സംഭവിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം സൗമ്യയുടെ മകള്‍ ഐശ്വര്യ കിഷോറിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. 2018 ജനുവരി 31നാണ് ഐശ്വര്യ മരിച്ചത്. നാല് മാസത്തിനിടെയാണ് ഈ കുടുംബത്തില്‍ മൂന്ന് മരണങ്ങളും നടന്നത്. മാര്‍ച്ച് ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചിരുന്നു. 2012ല്‍ സൗമ്യയുടെ ഒരു വയസ്സുള്ള മകള്‍ കീര്‍ത്തനയും മരിച്ചിരുന്നു. വയറിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും കാരണമാണ് നാലുപേരും മരിച്ചത്.