ന്യൂസ് റീഡിങ് റൂമിലെ തിരക്കിട്ടൊരു വൈകുന്നേരവും കഴിഞ്ഞു ആയിഷ ഫ്ലാറ്റിൽ മടങ്ങിയെത്തുമ്പോൾ സമയം ഏകദേശം 9 മണി കഴിഞ്ഞിരുന്നു, ഗ്യാസ് സ്ററൗൽ ചെറിയ തീയിൽ തന്റെ പതിവ് യപ്പി നൂഡിൽസ് മസാല പൊട്ടിച്ചിട്ടു, പെട്ടെന്ന് ബാത്റൂമിലോട്ടു ഓടിക്കേറി അവൾ. പ്രവേശിക്കുമ്പോൾ വലതു വശത്തോടു ചേർന്നുള്ള അടുത്ത വീടിന്റെ ടെറസ് കാണാം. എന്തോ ചില ആളനക്കങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിലും ധൃതിയിൽ അവളതു ശ്രദ്ധിച്ചിരുന്നില്ല. തിരികെ ഇറങ്ങുമ്പോൾ എന്തോ ഒന്നവളുടെ ശ്രദ്ധയിൽ പെട്ടു. പൈജാമ ഇട്ട് ഉടുപ്പിടാത്ത ഒരു മധ്യവയസ്‌കൻ, അടുത്തേക്ക് ചേർന്ന് നിൽക്കുന്ന മിഡിയും
ടി ഷർട്ടും ഇട്ട ഒരു പെൺകുട്ടി..!
അസ്വാഭാവിക രീതിയിൽ ആണ് അവരുടെ ശരീര ഭാഷ എന്ന് ആയിഷക്ക് പെട്ടെന്ന് തിരിച്ചറിയാൻ ആയി. മധ്യവയസ്കനായ മനുഷ്യൻ പെൺകുട്ടിയെ മടിയിൽ ഇരുത്തുന്നതും, മറ്റും കാണാമായിരുന്നു തികച്ചും ഒരു ലൈംഗീക വൈകൃതമെന്നോ, മാനസിക രോഗമെന്നോ, വിശേഷിപ്പിക്കാവുന്ന തരത്തിലാണ് കുട്ടിയെ അയാൾ സമീപിക്കുന്നതെന്നും അവൾ മനസ്സിലാക്കുന്നു.
രാത്രിയിൽ താൻ കണ്ട കാഴ്ചയെ കുറിച്ച് ഫക്രുവിന് അവളൊരു ഫേസ്ബുക് മെസ്സേജ് അയച്ചെങ്കിലും, രാത്രിയിലെ ഉറക്കം പൂർണമായും ആകുലതകളും, അനാവശ്യ സ്വപ്നങ്ങളും കൊണ്ട് അസ്വസ്ഥമായിരുന്നു.
സ്ത്രീ സുരക്ഷയും, സാമൂഹ്യ നീതിയും വാതോരാതെ പ്രസംഗിക്കുന്നവരുടെ ലോകത്ത്, താനും കഴിഞ്ഞ ആഴ്ചവട്ടം പരിപാടി ഉൾപ്പെടെ പ്രതിപാദിച്ചത് ഇത്തരം പീഡനങ്ങളെ കുറിച്ചായിരുന്നു. എന്തായാലും ആദ്യപടിയായി ആ കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കണം, പറ്റിയാൽ പിതാവിനെ തന്നെ കണ്ട് ഈ വിവരം ബോധ്യപ്പെടുത്തണം.
പതിവിലും വേഗം പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കി പുറത്തേക്കിറങ്ങി ആയിഷ ഗേറ്റിലെത്തുമ്പോൾ, സ്‌കൂട്ടറിൽ ഒരു കുടുംബം കടന്നു പോകുന്നുണ്ടായിരുന്നു.
യൂണിഫോം അണിഞ്ഞു അച്ഛന്റെയും അമ്മയുടെയും നടുവിലിരുന്നു ബജാജ് ചേതക്കിൽ പോയ ആ പെൺകുട്ടിക്ക് കഴിഞ്ഞ രാത്രിയുടെ മുഖമായിരുന്നു.
കൊട്ടാരക്കര ഷാ