ജയരാജന്‍റെ മകനെ കൈയേറ്റം ചെയ്ത എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

331

കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ മമകനെ കൈയേറ്റം ചെയ്ത എഎസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ മനോജ് കുമാറിനെതിരെയാണ് നടപടി.
പി ജയരാജന്‍റെ മകന്‍ ആശിഷ് പി രാജനോടാണ് എഎസ്‌ഐ മനോജ് കുമാര്‍ മോശമായി പെരുമാറിയത്. കലോത്സവത്തിന് കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടികള്‍ക്ക് പോലീസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വാക്കുതര്‍ക്കത്തിലും കൈയേറ്റത്തിലും കലാശിച്ചത്.

ജനമൈത്രി പോലീസ് സ്റ്റേഷനിലെ ശുചിമുറി പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുവാദമുണ്ട്. ഇക്കാര്യം അറിയാവുന്ന ആശിഷ് രാജ് തന്‍റെ ബന്ധുവും മുന്‍ എംപിയുമായ പി സതീദേവിയുടെ മകളടക്കമുള്ളവരുമായി സ്റ്റേഷനിലെത്തി. എന്നാല്‍ ഇതൊന്നും സ്റ്റേഷനില്‍ നടക്കില്ലെന്നും, വേണമെങ്കില്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ പോകാനുമായിരുന്നു എഎസ്‌ഐയുടെ നിര്‍ദേശം. തുടര്‍ന്ന് ഇതുസംബന്ധിച്ച്‌ വാക്കേറ്റമുണ്ടാകുകയും ആശിഷിനെ എഎസ്‌ഐ കോളറില്‍ പിടിച്ച്‌ തള്ളുകയായിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ആശിഷ് പി രാജ് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ആശിഷിന്‍റെ പരാതിയില്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവത്തില്‍ കേസെടുക്കാനുള്ള പ്രത്യേക വകുപ്പുകള്‍ ഇല്ലെന്നാണ് പോലീസിന്‍റെ വിശദീകരണം.

NO COMMENTS