വാഷിംഗ്ടണ്‍ ഡിസി : ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരിക്കാനുള്ള ധാര്‍മികമായ യോഗ്യത ഇല്ലെന്ന് മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി. സത്രീകളെ വെറും മാംസമായി കരുതുന്ന, എല്ലാക്കാര്യങ്ങളിലും നുണ മാത്രം പറയുകയും അത് അമേരിക്കക്കാര്‍ വിശ്വസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്ന വ്യക്തി പ്രസിഡന്റ് പദവിക്കു യോഗ്യനല്ല. ‘എ ഹൈയര്‍ ലോയല്‍റ്റി’ എന്ന തന്റെ പുസ്തകത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് എബിസി ന്യൂസ് ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കോമി. പുസ്തകം ഇന്നു പുറത്തിറങ്ങും. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണവുമായി മുന്നോട്ടുപോയ കോമിയെ കഴിഞ്ഞ വര്‍ഷം മേയില്‍ ട്രംപ് എഫ്ബിഐ മേധാവിസ്ഥാനത്തുനിന്നു പുറത്താക്കുകയായിരുന്നു. വ്യക്തിപരമായ കൂറാണ് ട്രംപ് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരില്‍നിന്ന് ആവശ്യപ്പെടുന്നതെന്നും കോമി പറഞ്ഞു. ഒരു സ്വകാര്യ കൂടിക്കാഴ്ചയില്‍ ട്രംപ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൂറ് എപ്പോഴും അമേരിക്കന്‍ ജനതയോട് ആണെന്ന് കോമി പറഞ്ഞു.