നിപ്പ വൈറസ് : നഴ്‌സ് ലിനിയുടെ കുട്ടികള്‍ക്ക് പത്ത് ലക്ഷം വീതം; ഭര്‍ത്താവിന് ജോലി

286

തിരുവനന്തപുരം : നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ രണ്ട് മക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ലിനിയുടെ ഭര്‍ത്താവ് സജീഷ് സര്‍ക്കാര്‍ ജോലി സ്വീകരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിപ്പ വൈറസ് ബാധയേറ്റ് മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

രോഗിയെ പരിചരിക്കാന്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കാഴ്ചവെച്ച നഴ്‌സായിരുന്നു ലിനിയെന്നും അതുകൊണ്ടുതന്നെ അവരുടെ കുടുംബത്തോട് നമുക്ക് പ്രതിബദ്ധതയുണ്ടെന്നും മന്ത്രി പറഞ്ഞു. ലിനിയുടെ കുട്ടികളുടെ ഭാവി പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അഞ്ച് ലക്ഷം രൂപ വീതം കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനും അഞ്ച് ലക്ഷം രൂപവീതം ഇവരുടെ ഉന്നത വിദ്യാഭ്യാസത്തിന് സ്ഥിര നിക്ഷേപം നടത്താനുമാണ് തീരുമാനമെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു. നിപ്പ വൈറസാണെന്ന് സംശയം തോന്നിയ ഉടന്‍ എന്‍സിഡിയുമായും കേന്ദ്ര സര്‍ക്കാറുമായും ബന്ധപ്പെട്ടിരുന്നുവെന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS