സംസ്ഥാനത്ത് ഇനി മുതല്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍

273

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതല്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍. പഴയ ലൈസന്‍സുകളും മാറ്റി നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ സാരഥി പദ്ധതി സംസ്ഥാന വ്യാപകമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണിത്. ഇതനുസരിച്ച് ഇന്ത്യയില്‍ എല്ലായിടത്തും ഏകീകൃത ലൈസന്‍സ് കൊണ്ടുവരാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക്ക് കാര്‍ഡുകളാക്കും. കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കാര്‍ഡിന്റെ ഡിസൈന്‍ പൈലറ്റ് പ്രൊജക്ടായി ചെയ്തിരിക്കുന്നത്. 12 ശതമാനം ജി.എസ്.ടി. ഉള്‍പ്പെടെ കാര്‍ഡൊന്നിന് 20.75 രൂപയാണ് ടെന്‍ഡര്‍.

ക്യൂ ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ എന്നിങ്ങനെ ആറു സുരക്ഷാ സംവിധാനങ്ങള്‍ പുതിയ കാര്‍ഡില്‍ ഉണ്ടാകും. കൂടാതെ വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കാര്‍ഡില്‍ ഉള്‍പ്പെടുത്തും.

ഇളം മഞ്ഞ,പച്ച, വയലറ്റ് നിറങ്ങളിലായിരിക്കും പുതിയ കാര്‍ഡുകള്‍. സംസ്ഥാനസര്‍ക്കാറിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവ മുന്‍വശത്ത് കാണത്തക്ക രീതിയിലാകും. പിറകുവശത്താണ് ക്യു.ആര്‍ കോഡ്. ഇത് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. മാത്രമല്ല, ലൈസന്‍സ് നമ്ബര്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ മുദ്ര എന്നിവയും കാര്‍ഡിന്റെ ഇരുവശങ്ങളിലും ഉണ്ടാകും.

NO COMMENTS