ന്യൂഡല്‍ഹി : ജെ.സി.ബി. ലിറ്റററി ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം ബെന്യാമിന്. ബെന്യാമിന്റെ ‘മുല്ലപ്പൂനിറമുള്ള പകലുകള്‍’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘ജാസ്മിന്‍ ഡെയ്‌സി’നാണ് സമ്മാനം. 25 ലക്ഷം രൂപയാണ് പുരസ്‌കാരതുക. കൃതി ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയ ഷഹനാസ് ഹബീബിന് അഞ്ചുലക്ഷം രൂപ സമ്മാനമായി ലഭിക്കും. യു.എസിലെ മാസച്യുസെറ്റ്‌സിലുള്ള ബേ പാത്ത് സര്‍വകലാശാലയില്‍ അധ്യാപികയാണ് ഷഹനാസ് ഹബീബ്.
ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ചലച്ചിത്ര സംവിധായിക ദീപ മേത്ത, സംരംഭകനും പണ്ഡിതനുമായ രോഹന്‍ മൂര്‍ത്തി, നോവലിസ്റ്റും നാടകരചയിതാവുമായ വിവേക് ഷാന്‍ബാഗ്, പരിഭാഷക ആര്‍ഷിയ സത്താര്‍, സാഹിത്യകാരി പ്രിയംവദ നടരാജന്‍ എന്നിവരായിരുന്നു പുരസ്‌കാര സമിതിയിലെ അംഗങ്ങള്‍.