അയോധ്യ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

243

ദില്ലി: അയോധ്യ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് കോടതി വിധിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു വിധി പ്രസ്താവിച്ചത്. വിധിക്കെതിരെ നിര്‍മോഹി അഖാഡ, ഹിന്ദു മഹാസഭ, ജമിയത്തുല്‍ ഉലമ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിവയുടേതും ഹാഷിം അന്‍സാരിയെന്ന വ്യക്തിയുടേതുമുള്‍പ്പെടെ 13 ഹര്‍ജികളാണ് ഇപ്പോള്‍ സുപ്രിം കോടതിയിലുള്ളത്.

അതേസമയം അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി വിശദമായി വാദം കേള്‍ക്കും. മുകളില്‍ പറഞ്ഞ ഹര്‍ജികളെല്ലാം ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന് മുസ്ലിം സംഘടനയാണ് ആവശ്യപെട്ടത്. മുസ്ലിം മത വിശ്വാസികള്‍ക്ക് ആരാധനക്കായി പള്ളി നിര്‍ബ്ബന്ധമല്ലെന്ന് 1994 ല്‍ ഇസ്മയില്‍ ഫറൂഖി കേസില്‍ സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. ഇതേ വിഷയം അയോധ്യ തര്‍ക്കത്തിലും വരുന്നതിനാല്‍ ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിടമമെന്നാണ് സംഘടന ആവശ്യപെട്ടത്. ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യത്തില്‍ മറ്റ് ഹര്‍ജിക്കാരും ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് രണ്ട് മണിക്കാണ് കേസ് പരിഗണിക്കുന്നത്.

NO COMMENTS