കൊച്ചി : വൈപ്പിന്‍-ഫോർട്ട് കൊച്ചി റോ റോ സര്‍വീസ് ഇന്നു പുനരാരംഭിക്കും. രാവിലെ ഒമ്പതുമണിക്ക് ഫോർട്ട് കൊച്ചിയിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. സര്‍വീസ് തുടങ്ങാന്‍ സജ്ജമാണെന്ന് കാണിച്ച് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് നഗരസഭയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ആറു മണിക്ക് ശേഷം റോ റോ വെസലിന് പകരം ജങ്കര്‍ ഓടിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രായോഗിക തടസമുള്ളതിനാല്‍ അതുണ്ടാകില്ലെന്ന് സര്‍വീസ് നടത്തിപ്പ് കരാര്‍ ഏറ്റെടുത്ത കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് (കെഎസ്ഐഎന്‍സി) കോമേഴ്ഷ്യല്‍ മാനേജര്‍ സിറില്‍ ഏബ്രഹാം പറഞ്ഞു.
നേരത്തേ, മുഖ്യമന്ത്രിയും കോര്‍പ്പറേഷന്‍ മേയറും എംപിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ആദ്യയാത്ര നടത്തിയാണ് റോ റോ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ലൈസന്‍സ് ലഭിക്കും മുന്‍പാണ് കൊച്ചി കോര്‍പ്പറേഷന്‍ സര്‍വീസ് ആരംഭിച്ചതെന്ന കാരണത്താൽ പ്രശ്‌നങ്ങൾ ഉണ്ടായതോടെ സർവീസ് നിർത്തിവെയ്ക്കുകയായിരുന്നു.