കാസറകോട് : നാടിന്റെ ജലസ്രോതസുകളായ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായുള്ള ജനകീയ പരിപാടിയുമായി ഹരിത കേരളം മിഷന്‍. ഹരിതകേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ 45 നീര്‍ച്ചാലുകള്‍ ശുചീകരിക്കും. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 14 മുതല്‍ 22 വരെയാണ് നീര്‍ച്ചാല്‍ പുനരുജ്ജീവന പരിപാടി നടക്കുക.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെ വേനലിലെ ഏപ്രില്‍, മെയ് മാസങ്ങളില്‍ കുടിവെള്ള വിതരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ചത് രണ്ട് കോടി രൂപയാണ്. ജില്ലയിലെ ജലക്ഷാമം രൂക്ഷമായി മാറിയ സാഹചര്യത്തിലാണ് ഹരിതകേരളം മിഷന്‍ മൂന്നാം വാര്‍ഷി കത്തിന്റെ ഭാഗമായി ‘ഇനി ഞാനൊഴുകട്ടെ’ എന്ന പേരില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് നടത്തുന്നത്. ശുചീകരിച്ച നീര്‍ച്ചാലുകളുടെ തുടര്‍പരിപാലനം പ്രാദേശികമായി സംഘടിപ്പിക്കുന്ന സമിതികള്‍ നിര്‍വ്വഹിക്കും.
തദ്ദേശസ്വയംഭരണ വകുപ്പ്, ജലസേചന വകുപ്പ്, ഗ്രാമീണ തൊഴിലുറപ്പ്, അയ്യങ്കാളി തൊഴിലുറപ്പ്, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍, രാഷ്ട്രീയ യുവജന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, എന്‍ എസ് എസ്, എന്‍ സി സി, എസ് പി സി, സ്‌കൗട്ട് എന്നിവ ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് നടക്കുക.