ലോക്സഭ ഉപതിരഞ്ഞെടുപ്പ് ; യുപിയില്‍ രണ്ടിടത്തും ബിജെപി പിന്നില്‍

319

ലഖ്നൗ : ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്. ബിജെപിയുടെ സിറ്റിങ് സീറ്റായ ഗോരഖ്പൂരില്‍ വോട്ടെണ്ണല്‍ എട്ട് റൗണ്ട് പിന്നിട്ടപ്പോള്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദാണ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത് ശുക്ലയെക്കാള്‍ 10598 വോട്ടിന്റെ ലീഡാണ് സമാജ് വാദി പാര്‍ട്ടിക്കുള്ളത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിനിധീകരിച്ചിരുന്ന മണ്ഢലമാണ് ഗോരഖ്പൂര്‍. അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗോരഖ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പൂരിലും ബിജെപി തിരിച്ചടി നേരിടുകയാണ്. സമാദ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ നാഗേന്ദ്ര പ്രതാപ് സിങ് 15713 വോട്ടുകള്‍ക്കാണ് ഫുല്‍പൂരില്‍ മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെണ്ണല്‍ 11 റൗണ്ട് പിന്നിട്ടപ്പോള്‍ ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേല്‍ രണ്ടാം സ്ഥാനത്താണ്.

ബീഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അരാരിയ ലോക്സഭ മണ്ഡലത്തില്‍ ഫലസൂചനകള്‍ മാറിമറിയുന്ന കാഴ്ചയാണുള്ളത്. ആദ്യഘട്ടത്തില്‍ ബിജെപി മുന്നിട്ടുനിന്ന അരാരിയയില്‍ പിന്നീട് ആര്‍ജെഡിക്കായിരുന്നു ലീഡ്. എന്നാല്‍ മിനിറ്റുകള്‍ക്കകം ബിജെപി ലീഡ് തിരിച്ചുപിടിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച്‌ 455 വോട്ടുകള്‍ക്ക് ആര്‍ജെ‍ഡിയാണ് അരാരിയയില്‍ ലീഡ് ചെയ്യുന്നത്.

NO COMMENTS