ന്യൂഡല്‍ഹി : കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനക്കേസില്‍ വധശിക്ഷ പരിഹാരമാര്‍ഗമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. 2012ലെ പോക്സോ നിയമ പ്രകാരം കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനങ്ങള്‍ക്ക് വലിയ ശിക്ഷ കൊടുക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് വ്യാഴാഴ്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ പറഞ്ഞു. എട്ട് മാസം പ്രായമായ കുട്ടിക്കെതിരായ ലൈംഗീക പീഡനക്കേസില്‍ പ്രതിക്ക് വധശിക്ഷ കൊടുക്കണമെന്ന് ആവശ്യം ഉയര്‍ന്നപ്പോളാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ നിലപാട് അറിയിച്ചത്. പീഡനത്തിന് ഇരയായ കുട്ടി എയിംസില്‍ ചികിത്സയില്‍ കഴിയുകയാണ്. കേസില്‍ അടുത്ത വാദം മാര്‍ച്ച് 12ന് കേള്‍ക്കും. പോക്സോ നിയമപ്രകാരം കെട്ടിക്കിടക്കുന്ന കേസുകള്‍, വിചാരണ പൂര്‍ത്തിയാകാന്‍ എടുത്ത കാലയളവിന്റെ കണക്കുകളും ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടിണ്ട്.