ന്യൂഡല്‍ഹി: മതവിദ്വേഷം പ്രചരിപ്പിക്കുന്ന പാഠപുസ്തകം പഠിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ എം.എം അക്ബറിനെ ചൊവ്വാഴ്ച വരെ റിമാന്‍ഡ് ചെയ്തു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അക്ബറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ഞായറാഴ്ച ആസ്ത്രേലിയയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ചാണ് അക്ബര്‍ അറസ്റ്റിലായത്. അക്ബറിന്റെ നേതൃത്വത്തിലുള്ള എറണാകുളം പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ മതവിദ്വേഷം വളര്‍ത്തുന്ന പാഠഭാഗമാണ് കേസിന് ആധാരം. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അക്ബറിന് എതിരെ കേസെടുത്തത്. തുടര്‍ന്ന് സ്കൂള്‍ റെയ്ഡ് ചെയ്യുകയും വിവാദ പാഠപുസ്തകം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.