കാസറഗോഡ് : കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 48,01,400 രൂപയുടെ കൃഷിനാശം സംഭവിച്ചു. മഴക്കെടുതിയില്‍ 45.53 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ 1,54,52,500 രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചു. മഴക്കെടുതിയില്‍ ഇതുവരെ 204.28705 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചു. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറില്‍ കാസര്‍കോട്, മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ് താലൂക്കുകളിലെ 14 വില്ലേജുകളിലാണ് മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തത്. 2102 കമുകും 413 തെങ്ങും 4250 വാഴയും 110 റബര്‍ മരങ്ങളും 20 ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷിയുമാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ നശിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.
മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍
കാഞ്ഞങ്ങാട് മീനാപ്പീസ് ഗവണ്‍മെന്റ് ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ തിങ്കളാഴ്ച മുതല്‍ താത്കാലികമായി ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ രണ്ടു കുടുംബങ്ങളില്‍ നിന്നായി 12 പേരാണ് കഴിയുന്നത്. പരപ്പ ഫാം ഹൗസില്‍ ഒരു കുടുംബത്തിലെ നാലു പേരേയും കാസര്‍കോട് എരുതുംകടവ് എന്‍.എ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൂന്നു കുടുംബങ്ങളിലെ 14 പേരെയും താമസിപ്പിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ മൂന്നു ദിവസം ‘യെല്ലോ’ അലേര്‍ട്ട്
കാസര്‍കോട് ജില്ലയില്‍ ഇന്നു(ജൂലൈ 24) മുതല്‍ മൂന്നു ദിവസം( ജൂലൈ 24, 25, 26) ‘യെല്ലോ’ അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. യേല്ലോ അലേര്‍ട്ട് നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത് മുന്നറിയിപ്പ് പുതുക്കിക്കൊണ്ടിരിക്കുകയും നിരീക്ഷിക്കുകയയും എന്നതാണ്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും അതിശക്തമായതോ അതിതീവ്ര മഴയ്‌ക്കോ സാധ്യയില്ല.
മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള തീരത്തേക്ക് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
ഇന്ന് (24/07/2019) രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.
ജില്ലയില്‍ ഇതുവരെ 1531.3025 മില്ലി മീറ്റര്‍ മഴ ലഭിച്ചു
മണ്‍സൂണ്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ ജില്ലയില്‍ 1531.3025 മില്ലി മീറ്റര്‍ മഴ ലഭിച്ചു. 22 രാവിലെ 10 മുതല്‍ 23 (ചൊവ്വ) രാവിലെ 10 വരെ 129.5375 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതു വരെ നാലു വീടുകള്‍ പൂര്‍ണമായും 136 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 30 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 204.28705 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് നാശമുണ്ടായിട്ടുണ്ട്.