ആദ്യ പ്രസവത്തിന് 5,000 രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

110

തിരുവനന്തപുരം: ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന യോജന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 11.52 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

പദ്ധതിയുടെ നടത്തിപ്പിന് ഫ്ളക്സി ഫണ്ടായി 10.33 കോടി രൂപയും ഭരണപരമായ ചെലവുകള്‍ക്കായി 1.18 കോടി രൂപയും ചേര്‍ത്താണ് 11.52 കോടി രൂപ അനുവദിച്ചത്. സംസ്ഥാനത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് അമ്മമാര്‍ക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. പദ്ധതി തുടങ്ങിയ ശേഷം 2018 ജനുവരി മുതല്‍ ഇതുവരെ 3.8 ലക്ഷത്തിലധികം അമ്മമാര്‍ക്ക് 154 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കായി 2017 ആരംഭിച്ചതാണ് ആദ്യ പ്രസവത്തിന് 5,000 രൂപ നല്‍കുന്ന പദ്ധതി. ഇവരില്‍ മെച്ചപ്പെട്ട ആരോഗ്യവും നല്ലശീലങ്ങളും വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ കാലയളവില്‍ അവര്‍ക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് പരിഹാരമായി ധനസഹായം നല്‍കുക വഴി പ്രസവത്തിന് മുന്‍പും പിന്‍പും മതിയായ വിശ്രമം ലഭിക്കുന്നു.

19 വയസിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അവരുടെ ആദ്യത്തെ സജീവ ജനനത്തിന് 5,000 രൂപ ആനുകൂല്യമായി ലഭിക്കുന്നു. 1,000, 2,000, 2,000 എന്നിങ്ങനെ 3 ഗഡുക്കളായിട്ടാണ് ഈ തുക നല്‍കുന്നത്. സാമ്ബത്തിക ആനുകൂല്യം ഗുണഭോക്താവിന്റെ ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴിയാണ് നല്‍കുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ഇല്ലാത്തവരും മറ്റേതെങ്കിലും പ്രസവാനുകൂല്യം ലഭിക്കാത്തവരുമായ എല്ലാ സ്ത്രീകളും പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് അര്‍ഹരാണ്.

എല്ലാ അമ്മമാര്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം കിട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനായി അങ്കണവാടി ജീവനക്കാര്‍ക്ക് ഇന്‍സെന്റീവും നല്‍കുന്നുണ്ട്. മാത്രമല്ല ഈ പദ്ധതി ഏറ്റവും നന്നായി നടപ്പിലാക്കിയ ഓരോ സെക്ടറിലേയും രണ്ട് അങ്കണവാടി ജീവനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുന്നു.

NO COMMENTS