കാസറഗോഡ് : അന്യം നിന്നു പോകുന്ന ഔഷധ സസ്യങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഔഷധ സസ്യങ്ങള്‍ മാത്രം നട്ട് ഒരു ഔഷധ സസ്യ പച്ചത്തുരുത്ത് നിര്‍മ്മിച്ചു.
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ അമ്പതാമത്തെ പച്ചത്തുരുത്താണിത്.ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി (ബി എം സി ) യുടെ സഹകരണത്തോടെ ബി.എം.സി അംഗവും വൈസ് പ്രസിഡന്റുമായ എന്‍.സുകുമാരന്‍, ബി.എം.സി കോ-ഓര്‍ഡിനേറ്റര്‍ കെ.വി.കൃഷ്ണ പ്രസാദ് വൈദ്യര്‍ , സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ.കെ.വി. അജയന്‍ എന്നിവരുടെ സജീവ ഇടപെടലുകളും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവുമാണ് ഈ ഔഷധത്തുരുത്ത് യാഥാര്‍ത്ഥ്യമാക്കിയത്.
ഒരു കാലത്ത് സുലഭമായിരുന്നതും അന്യംനില്‍ക്കുന്നതുമായ ആടലോടകം മുതല്‍ ചക്കരക്കൊല്ലി, വാതംകൊല്ലി, എരിക്ക്, വെളുത്ത എരിക്ക്, ചങ്ങലംപരണ്ട, മുഞ്ഞ, പിച്ചകം, തകര, മണിത്തകര, ചായ മന്‍സ , ചെറൂള, പ്ലാശ്, കണിക്കൊന്ന, പൂവരശ്, നിത്യകല്യാണി, കരിനെച്ചി , കമ്പിപ്പാല, ചിറ്റാടലോടകം, ചെമ്പരത്തി, മുള്ളന്‍ ചിറ്റമൃത്, കുരുമുളക്, ചെക്കി, മന്ദാരം, തുളസി, ചെണ്ടുമല്ലി , മുറികൂട്ടി ചീര, വശള ചീര, നെല്ലി, കീഴാര്‍ നെല്ലി, നിലവേപ്പ്, കറിവേപ്പ്, നമ്പ്യാര്‍വട്ടം, ശംഖുപുഷ്പം, മുരിങ്ങ, കസ്തൂരിമഞ്ഞള്‍, ചെറു കടലാടി , ആനയടി, പേര, കൂവ, കൂര്‍ക്ക, മുത്തിള്‍, ബ്രഹ്മി, കറ്റാര്‍വാഴ, കോവല്‍, ശതാവരി, വള്ളിപ്പാല, തിപ്പലി, രാമച്ചം, പനികൂര്‍ക്ക തുടങ്ങിയവയുടെ ചെടികള്‍ നട്ടത്.
ഗ്രാമപഞ്ചായത്ത് ഗേറ്റ് മുതല്‍ ഔഷധസസ്യ ഉദ്യാനം വരെയും അതിനപ്പുറവുമുള്ള നടപ്പാത പുല്ല് വെച്ചു പിടിപ്പിച്ച് ഹരിതാഭവും മനോഹരവുമാക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം നടന്നു. ഈ ഹരിത പാതയുടെ ഇരുവശത്തുമായി വര്‍ണ്ണ ചെടികള്‍ നട്ട് മോടി കൂട്ടിയിട്ടുമുണ്ട്.ഈ ഹരിത പാതയും ഔഷധ സസ്യ ഉദ്യാനവും തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിന് അഭിമാനവും മുതല്‍ കൂട്ടുമാവും