ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്‌വാഹ രാജിവെച്ചു. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എന്‍.ഡി.എ വിടുന്നതിനു മുന്നോടിയായാണ് രാജി വെച്ചത്. നിലവില്‍ മാനവ വിഭവശേഷി സഹമന്ത്രിയാണ് കുഷ്‌വാഹ. ബിഹാറില്‍ ലോക്‌സഭാ സീറ്റ് വിഭജനത്തെ തുടര്‍ന്നാണ് കുഷ്‌വാഹ ബിജെപിയുമായി അകന്നത്. സീറ്റ് വിഹിതത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി നവംബര്‍ മുപ്പത് വരെ അദ്ദേഹം ബിജെപിക്ക് സമയപരിധി നല്‍കിയിരുന്നു. എന്‍ഡിഎ സഖ്യത്തിനൊപ്പം നിന്ന് 2014ല്‍ ആര്‍എല്‍എസ്പി മൂന്ന് സീറ്റുകളില്‍ വിജയം കൈവരിച്ചിരുന്നു. പക്ഷേ ഇത്തവണ നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതോടെ കഴിഞ്ഞ തവണത്തേതിനേക്കാളും കുറഞ്ഞ സീറ്റുകളാണ് ആര്‍എല്‍എസ്പിക്ക് ബിജെപി നല്‍കിയത്. ഇതാണ് ബിജെപി വിടാന്‍ ആര്‍എല്‍എസ്പിയെ പ്രേരിപ്പിച്ച പ്രധാന ഘടകം.