ടെക്‌സസ് : ലോകപ്രശസ്ത ശാസ്ത്രജ്ഞനും മലയാളിയുമായ ഇ.സി.ജി.സുദര്‍ശന്‍ (86)അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസില്‍ വച്ചായിരുന്നു അന്ത്യം. ഒന്‍പത് തവണ നൊബേല്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പ്രകാശത്തേക്കള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രപഞ്ചത്തില്‍ ഒന്നിനും കഴിയില്ലെന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തത്തെ തിരുത്തി പ്രകാശവേഗത്തെ അധികരിക്കാന്‍ കഴിയുന്ന കണങ്ങളുടെ നിലനില്‍പ്പ് പ്രവചിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി സുദര്‍ശന്‍. ടാക്കിയോണുകളെന്നാണ് ഈ കണങ്ങള്‍ക്ക് ശാസ്ത്രലോകം നല്‍കിയ പേര്. ക്വാണ്ടം ഒപ്റ്റിക്‌സിലെ വിശാലമേഖലയിലായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങളില്‍ അധികവും. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദര്‍ശന്‍ നടത്തിയ ക്വാണ്ടം സീനോ ഇഫക്‌ട് എന്ന കണ്ടെത്തലിന് 2005 ല്‍ നൊബേല്‍ പുരസ്‌ക്കാരത്തിന്റെ വക്കോളമെത്തി യെങ്കിലും ശാസ്ത്രലോകം മുഴുവന്‍ സുദര്‍ശനുവേണ്ടി വാദിച്ചെങ്കിലും, നൊബേലിന് ഒരു വര്‍ഷം മൂന്നില്‍ കൂടുതല്‍ പേരെ പരിഗണിക്കില്ലെന്ന ന്യായം പറഞ്ഞ് സ്വീഡിഷ് അക്കാദമി നിരാകരിക്കുകയായിരുന്നു.
1931 ല്‍ കോട്ടയത്ത് ജനിച്ച അദ്ദേഹം കോട്ടയം സി.എം.എസ് കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ്, മദ്രാസ് സര്‍വകലാശാലയിലുമായിരുന്നു എന്നിവിടങ്ങളില്‍ പഠനം നടത്തി. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ 1952 മുതല്‍ ’55 വരെ റിസര്‍ച്ച് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. 1957 ല്‍ ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റായ അദ്ദേഹം 1958 ല്‍ അവിടെനിന്നു തന്നെ പിഎച്ച്‌ഡി നേടി. 59 ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അദ്ധ്യാപകനായി.
ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് മാത്തമാറ്റിക്‌സ് സയന്‍സിലും പ്രവര്‍ത്തിച്ചിരുന്നു. ഭൗതികശാസ്ത്ര സമസ്യകളും ഇന്ത്യന്‍ വേദാന്തവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങള്‍ ആയിരുന്നു.