തിരുവണ്ണാമലൈ : കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നവരെന്ന് തെറ്റിദ്ധരിച്ച് വ്യദ്ധയെ തല്ലിക്കൊന്നു. കൊല്ലപ്പെട്ട 65കാരിക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്കും ഡ്രൈവര്‍ക്കും അക്രമത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ 23 ഗ്രാമീണരെ പോലീസ് അറസ്റ്റ് ചെയ്തു. മലേഷ്യയില്‍നിന്നും ബന്ധുക്കള്‍ക്കൊപ്പം കുടുംബ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു വ്യദ്ധ. ക്ഷേത്രത്തില്‍ കളിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ക്ക് ഇവര്‍ ചോക്ലേറ്റ് കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. തുടര്‍ന്ന് വ്യദ്ധയും കൂട്ടരും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് ചിലര്‍ സാമൂഹ്യമാധ്യങ്ങള്‍ വഴി പ്രചരിപ്പിച്ചതോടെ ഗ്രാമീണര്‍ സംഘടിച്ചെത്തുകയായിരുന്നു. വാഹനത്തില്‍ വ്യദ്ധയും സംഘവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗ്രാമീണര്‍ വാഹനം തടഞ്ഞ് ഇതിലുള്ളവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആശുപത്രിയില്‍വെച്ചാണ് വ്യദ്ധ മരിച്ചത്.