ബെംഗളൂരു : ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറൂവില്‍ നിന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 2.07നായിരുന്നു വിക്ഷേപണം. ഫ്രാന്‍സിന്റെ വിക്ഷേപണ വാഹനമായ എരിയന്‍ 5 റോക്കറ്റിലൂടെയായിരുന്നു വിക്ഷേപണം. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന് 5,845 കിലോഗ്രാം ഭാരമുണ്ട്. രാജ്യത്ത് 16 ജിബിപിഎസ് വേഗത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ജിസാറ്റ്-11ന് വിക്ഷേപിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ക്ക് വേഗത കൈവരിക്കാനും ഇതുവഴി കഴിയും. 15 വര്‍ഷം കാലാവധിയുള്ള ഉപഗ്രഹത്തിന് 12,00 കോടി രൂപയാണ് ചെലവ്.
റേഡിയോ സിഗ്നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്. ഈ ശ്രേണിയില്‍ പെടുന്ന ജിസാറ്റ്-19, ജിസാറ്റ്-29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ്-20 അടുത്ത വര്‍ഷം വിക്ഷേപിക്കും. ഇതോടെ, നാല് ഉപഗ്രഹങ്ങളുടെ സഹായത്താല്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സേവന വേഗത 100 ജിബിപിഎസ് ആക്കി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.