കോട്ടയം : വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടു പോയ നവവരനെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂരിലെ ചാലിയേക്കരയിൽ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തി. കൊലപാതകമെന്ന് സംശയമുണ്ടെന്ന് പോലീസ്. പ്രണയവിവാഹം കഴിച്ച വരൻ, നട്ടാശേരി എസ്എച്ച് മൗണ്ട് കെവിൻ പി.ജോസഫിനെ ശനിയാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്.
നീനുവും കെവിനും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താൻ ബന്ധുക്കൾ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താൽപര്യമെന്ന് അറിയിച്ചു. ഇതിനിടെ നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിൻ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിൻ കഴിഞ്ഞിരുന്നത്.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേർ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകർത്തശേഷം കാറിൽ കയറ്റി കൊണ്ടുപോയി. കാറിലും മർദനം തുടർന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു. അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡിൽ ഇറക്കിവിട്ടു.