തിരുവനന്തപുരം : സംസ്ഥാനത്ത് കോംഗോ പനിക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. അതിര്‍ത്തികളിലും ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. രോഗി എത്തിയത് കന്യാകുമാരിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ്. രോഗി തൃശൂര്‍ ആശുപത്രിയില്‍ നിരീക്ഷണര്‍ത്തിലാണെന്നും മറ്റുള്ളവരിലേക്ക് പടരില്ല എന്നാണ് വിശ്വാസമെന്നും ശൈലജ പറഞ്ഞു. കഴിഞ്ഞ 27ാം തിയതി യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ചികിത്സയിലുളളത്. വിദേശത്തായിരിക്കെ രോഗത്തിന് ചികില്‍സയിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്.