കീഴാറ്റൂര്‍ : കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റ് പുന:പരിശോധിക്കണമെന്ന് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇവിടത്തെ ക്യഷിയും വയലിന് നടുവിലെ തോടും സംരക്ഷിക്കുന്നതിനായി വയലിന് മധ്യത്തിലൂടെയുള്ള അലൈന്‍മെന്റ് വശത്തേക്ക് മാറ്റണമെന്നാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കീഴാറ്റൂരില്‍ ബൈപ്പാസ് ആവശ്യമാണെങ്കിലും തോട്ടിലെ ഒഴുക്കിനേയും ക്യഷിയേയും ബാധിക്കുന്ന തരത്തിലാകരുത് നിര്‍മാണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പരിസ്ഥിതി സംഘടനകളും സമരക്കാരും മുന്നോട്ട് വെച്ച ബദല്‍ നിര്‍ദേശം പരിഗണിക്കണം. സമരക്കാരുടെ ആശങ്കകള്‍ക്ക് ന്യായമുണ്ട്. റോഡ് നിര്‍മാണം ഇവിടത്തെ പരിസ്ഥിതിക്കും ജൈവ സമ്പത്തിനും വന്‍തോതില്‍ നാശമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.