വെളാങ്കണ്ണി : ഗജ ചുഴലിക്കാറ്റില്‍ വേളാങ്കണ്ണി പള്ളിയോട് ചേര്‍ന്ന് നിര്‍മിച്ച ക്രിസ്തുവിന്റെ കൂറ്റന്‍ രൂപമാണ് തകര്‍ന്നത്. പള്ളിയിലും പരിസരത്തും കനത്ത നാശനഷ്ടം. ഒരുമാസം മുന്‍പ് നിര്‍മിച്ച രൂപം ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപമായിരുന്നു ഇത്. രൂപത്തിന്റെ കൈകളാണ് കാറ്റില്‍ തകര്‍ന്നുവീണത്. കാറ്റിലും മഴയിലും മരങ്ങളും കടപുഴകി.
പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങള്‍ക്കും നാശം സംഭവിച്ചു. ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ ഇതുവരെ നിരവധി മരണങ്ങള്‍ സംഭവിച്ചു.ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ട് മുപ്പതിനാണ് നാഗപട്ടണം വേദാരണ്യ മേഖലയിലൂടെ ഗജ തീരം തൊട്ടത്. നാഗപട്ടണം കൂടാതെ തഞ്ചാവൂര്‍, പുതുക്കോട്ട, തിരുവാരൂര, കാരക്കല്‍ തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ നാശം വിതച്ച കാറ്റ് കരയിലെത്തി ഒമ്ബത് മണിക്കൂറിന് ശേഷമാണ് ശക്തി കുറഞ്ഞത്.
ഡിണ്ടിഗല്‍, മധുര, സേലം ജില്ലകളിലൂടെ കാറ്റ് കടന്നുപോകും. ഈ പ്രദേശങ്ങളിലെല്ലാം കനത്ത മഴ തുടരും ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് വീടുകളാണ് തകര്‍ന്നത്. മരങ്ങള്‍ വ്യാപകമായി കടപുഴകിയതിനാല്‍ റോഡ്-റെയില്‍ ഗതാഗതം തടസപ്പെട്ടു. എണ്‍പതിനായിരത്തിലധികം ആളുകളെ വിവിധ ക്യാപുകളിലേക്ക് മാറ്റിയിട്ടുണ്ട്.