നാടിന്റെ അവസ്ഥയോർത്ത് പ്രവാസലോകം തേങ്ങുന്നു

371

കേരളത്തിന് വെളിയിൽ കഴിയുന്ന മലയാളികൾ താങ്ങാനാകാത്ത ദുഃഖ ഭാരവുമായിട്ടാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. ആര് ആരെ ആശ്വസിപ്പിക്കണമെന്നറിയാതെ കലങ്ങിയ ഹൃദയവുമായി കഴിയുകയാണ് സകലരും. സർവ്വതും നഷ്ടപ്പെട്ടവരും, ഒന്നും നഷ്ടപ്പെടാത്തവരും ഒരേ മനോവേദനയാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തിൽ നാട്ടിൽ പോയി ബന്ധുക്കൾക്കൊപ്പം ചേരാൻ കഴിയാത്തവരാണ് മിക്കവരും.വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് നാട്ടിലേക്ക് പോകുന്നത്. പോകാൻ കഴിയാത്തവർ മനമുരുകിയുള്ള പ്രാർത്ഥനകളും,കീർത്തനങ്ങളുമായി കഴിയുകയാണ്. ടിവിയിലൂടെയും, മറ്റും വരുന്ന ദൃശ്യങ്ങൾ കണ്ട് പ്രവാസലോകത്ത് ഉറക്കം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ പകച്ചു നിൽക്കാതെ സഹജീവികൾക്ക് കരുത്തു പകരുക എന്നത് മാത്രമാണ് ഏക പോംവഴി. ഹൃദയം കൊണ്ട് കൈകോർക്കേണ്ട സമയമാണിപ്പോൾ. മനസ്സ് കൊണ്ടും,ശരീരം കൊണ്ടും,സമ്പത്ത് കൊണ്ടും സഹായിക്കാൻ ഓരോരുത്തരും മുന്നോട്ട് വരേണ്ടതുണ്ട്. സൗദിയിൽ മലയാളികളുടെ ഐക്യവേദിയായ എൻ.ആർ.കെയുടെ നേതൃത്വത്തിൽ റിയാദ് കേന്ദ്രമായി ശക്തമായൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. സുനാമി ഉണ്ടായ സമയത്തും, ബത്തയിൽ തീപിടുത്തം ഉണ്ടായ സമയത്തും എൻ.ആർ.കെ.മുൻകൈയെടുത്തു നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നാടിനെ വിഴുങ്ങിയ ഈ മഹാ പ്രളയത്തിൽ നിന്ന് എത്രയും വേഗം കരകയറുവാൻ നമുക്ക് സാധിക്കട്ടെ. മനുഷ്യ സ്നേഹികൾ മുൻകൈയെടുത്തു നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എന്റെയും,കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയും,സഹകരണവും അറിയിക്കുന്നു.

ബഷീർ പാങ്ങോട്.

NO COMMENTS