കാസര്‍കോട് ജില്ലയുടെ വികസ കുതിപ്പിന് മാറ്റ് കൂട്ടാന്‍ കാസര്‍കോട് വികസന പാക്കേജിലെ 54 പദ്ധതികള്‍ ഉദ്ഘാടനത്തിന് സജ്ജമായി. പൊതുജനങ്ങള്‍ ഏറെ നാളായി കാത്തിരുന്ന ഈ പദ്ധതികള്‍ ഓഗസ്റ്റ് അവസാനവും സെപ്റ്റംബര്‍ ആദ്യവുമായി ഉദ്ഘാടനം ചെയ്യും. 84. 52 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി വിനിയോഗിച്ചത്. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്ര ശേഖരന്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു എന്നിവരുടെ ഇടപെടലുകള്‍ സഹായകമായി.
സര്‍ക്കാര്‍ കാസര്‍കോട് വികസന പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി 2019 മാര്‍ച്ചില്‍ സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ഇ. പി രാജ്‌മോഹനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു.
പൊതുമരാമത്ത് റോഡ് വിഭാഗം, കെട്ടിട വിഭാഗം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകള്‍ മുഖേനയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയും ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയുമാണ് പദ്ധതിയുടെ മോണിറ്ററിംങ്ങ് നടത്തുന്നത്.
14 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിനെയും ബദിയടുക്ക ഗ്രാമ പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആയന്‍ കടവ് പാലം ഇതില്‍ ഉള്‍പ്പെടും. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പാലം കൂടിയ പാലം കൂടിയാണിത്. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ 3.6 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കണ്ണം കൈ പാലം, മടികൈ ഗ്രാമ പഞ്ചായത്തിലെയും സമീപ പ്രദേശത്തിലെയും കുടിവെള്ള പദ്ധതികള്‍, രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തളങ്കര കോസ്റ്റ് റോഡ്, 2.7 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പള്ളം പാലവും ഇതില്‍ ഉള്‍പ്പെടും.
വലിയ പറമ്പ് ഗ്രാമപഞ്ചായത്തിലെ മാവില കടപ്പുറം, ഉദുമ – ഉദിനൂര്‍ കടപ്പുറം ഏഴിമല റോഡ്, 2.75 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തടിയന്‍ വളപ്പ് പാലം, 78 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടന സജ്ജമായിരിക്കുന്നത്.
ജി എച്ച് എസ് എസ് തായന്നൂര്‍, ജി എച്ച് എസ് എസ് ഉപ്പള, ജി എച്ച് എസ് എസ് ബേക്കല്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ കടമ്പ, മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടങ്ങി നിരവധി സ്‌കൂളുകള്‍ക്കുള്ള കെട്ടിടങ്ങളും കാസര്‍കോട് വികസന പാക്കേജില്‍ ഉദ്ഘാടന സജ്ജമായ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി എല്ലാ വിധ മേഖലകളിലെയും വികസനം ലക്ഷ്യമാക്കിയുള്ള ഈ പദ്ധതികള്‍ ജില്ലയുടെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടും.