കാസര്‍കോട് : കുമ്പള ഷിറിയ ജമാഅത്ത് പള്ളി നടത്തിപ്പില്‍ തിരിമറി നടത്തിയ മുന്‍ സെക്രട്ടറിക്കെതിരെ പുതിയ ജമാഅത്ത് കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍ സെക്രട്ടറിക്കും മറ്റുമെതിരെ ശക്തമായ നിയമ നടപടികളെടുക്കാന്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഷിറിയ ജമാഅത്ത് കമ്മിറ്റിയിലെ മുന്‍ സെക്രട്ടറി കഴിഞ്ഞ നാലു വര്‍ഷക്കാലത്തെ വരവു ചിലവു കണക്കുകള്‍ സൂക്ഷിക്കാതിരിക്കുകയും മിനുട്സും അക്കൗണ്ട് ബുക്കുകളും ഓഫീസ് മുറികളിലെ അലമാരകളുടെ താക്കോലുകളും മറ്റ് രേഖകളും തിരഞ്ഞെടുത്ത കമ്മിറ്റിക്ക് കൈമാറിയിട്ടില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
പുതിയ പള്ളി നിര്‍മ്മിച്ചതിന്റെ യാതൊരു വിധ കണക്കുകളും ആരെയും കാണിക്കാതെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയും അതുവഴി വന്‍ അഴിമതി നടത്തുകയും ചെയ്തിട്ടുണ്ട്. പ്രസിഡണ്ട് ബി.എം മോണുവിന്റെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനു വേണ്ടി ജമാഅത്ത് കമ്മിറ്റി മെമ്ബര്‍ അറിയാതെ രഹസ്യമായി ഒരു കടലാസ് സൊസൈറ്റി ഷിറിയ ജമാഅത്തിന്റെ പേരില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയും അതിനു ശേഷം തങ്ങളാണ് യഥാര്‍ത്ഥ കമ്മിറ്റിക്കാര്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് വഖഫ് ബോര്‍ഡില്‍ വ്യാജ പരാതി നല്‍കുകയും ചെയ്തതിനെതിരെ ജമാഅത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
നല്ല രീതിയില്‍ പോകുന്ന പുതിയ ജമാഅത്ത് കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് ബി.എം മോണു, ഫാറൂഖ് ഷിറിയ, അജ്മല്‍ മുഹമ്മദ്, മഷ്ഹൂദ് എസ്.എം, അഷ്റഫ് ഹുസൈനാര്‍ എന്നിവര്‍ സംബന്ധിച്ചു.