കൃത്യമായ ബ്രാഹ്മണ ചിട്ടകളിൽ വളർന്നുവന്ന ഗോവിന്ദ പിഷാരടി, കമ്യൂണിസ്റ്റ് സഹ യാത്രികനും ഈശ്വര വിശ്വാസിയും ആയിരുന്നു

433

കമ്യൂണിസ്റ്റ് സഹ യാത്രികനും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സി .ഗോവിന്ദ പിഷാരടി ചെറുകാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്‌. നോവല്‍, നാടകം , യാത്രാവിവരണം, കവിത , ചെറുകഥ, ആത്മകഥ തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് . അദ്ദേഹത്തിന്റെ ആത്മകഥ ` ജീവിതപ്പാത’ ക്ക് 1975ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡും, 1976ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും ലഭിച്ചിട്ടുണ്ട് . ` ദേവലോകം,’ `മണ്ണിന്റെ മാറില്‍ ‘, `മുത്തശ്ശി’, `ശനിദശ’, തുടങ്ങിയവയാണ് നോവലുകള്‍.

ജീവിതപ്പാത’ എന്നത് പി.ഗോവിന്ദ പിഷാരടിയുടെ ആത്മകഥ മാത്രമല്ല, കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരിത്രരേഖ കൂടിയാണ്. അക്കാലത്തു നടന്നിട്ടുള്ള പാർട്ടി മീറ്റിങ്ങുകളും, സമരങ്ങളും, ഒളിവിൽപ്പോക്കും, രഹസ്യകൂടിക്കാഴ്ച്ചകളും എല്ലാം ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. കേരളത്തിൻറെ ചിന്താഗതിയിലും, രാഷ്ട്രീയനയങ്ങളിലും വന്ന മാറ്റങ്ങൾ അദ്ദേഹം ചൂണ്ടികാണിക്കുന്നു.

കൃത്യമായ ബ്രാഹ്മണ ചിട്ടകളിൽ വളർന്നുവന്ന ഗോവിന്ദ പിഷാരടി, ഈശ്വരവിശ്വാസിയും ആയിരുന്നു. കൂട്ടുകുടുംബത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും രസകരമായ രീതിയിൽ അദ്ദേഹം വിവരിക്കുന്നു. ആ വീട്ടിലെ ഓരോ അംഗവും തൻറെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വ്യക്തമായ രീതിയിൽ ചെറുകാട് ചൂണ്ടിക്കാണിക്കുന്നു. സംസ്കൃത വിദ്യാഭ്യാസവും, ഉപനയനവും അനുബന്ധ ബ്രാഹ്മണനിയമങ്ങളും പാലിച്ചു വന്ന ആ ബ്രാഹ്മണബാലൻ എപ്പ്രകാരമാണ് വിപ്ലവപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത് എന്ന് അദ്ദേഹത്തിൻറെ ആത്മകഥ വ്യക്തമാക്കുന്നു.

ബാല്യകാലം മുതൽ ജീവിതത്തിൻറെ പകുതിയിൽ കൂടുതൽ കാലവും ജീവിതപ്പാതയിൽ അദ്ദേഹം വരച്ചുകാട്ടുന്നു. ഒരു ആത്മകഥയുടെ എല്ലാ സവിശേഷതകളും ഉൾകൊള്ളുന്ന ഈ കൃതിയുടെ രചനയിൽ ചെറുകാട് സത്യസന്ധതയും സമർപ്പണവും പുലർത്തിയിട്ടുണ്ട്. സ്വന്തം ആത്മകഥയിൽക്കൂടി പുലാമന്തോൾ പുഴയുടെയും, ചെറുകാടിൻറെയും ചരിത്രവും വർത്തമാനവും ആണ് ഗ്രന്ഥകർത്താവു വരച്ചിടുന്നത്. പുസ്തകതിൻറെ ആദ്യ താളുകളുടെ വായനയിൽക്കൂടി അനുവാചകനെ സ്വന്തം ഇല്ലത്തേക്ക് കൊണ്ടുപോകുന്നു. ബ്രാഹ്മണ സമുദായത്തിൽ തന്നെ കീഴ്തട്ടിൽ ഉള്ളവർ അനുഭവിക്കുന്ന ദുരിതങ്ങളും, അവഗണനയും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യ രചന ” എന്ന ചെറുകാടിന്റെ വിശ്വാസത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് അദ്ദേഹത്തിന്റെ രചനകള്‍ . മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയിലെ ചെമ്മലശ്ശേരി എന്ന സ്ഥലത്ത് ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഗോവിന്ദ പിഷാരടി 1914 ഓഗസ്റ്റ് 26ന് ജനിച്ചു . അച്ഛന്‍ കീഴീട്ടില്‍ പിഷാരത്ത് കരുണാകര പിഷാരടി. അമ്മ ചെറുകാട് പിഷാരത്ത് നാരായണി പിഷാരസാർ.

കുടിപ്പള്ളിക്കൂടത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ചെറുകാട് മലപ്പുറം, ചെറുകര, പെരിന്തല്‍മണ്ണ , കരിങ്ങാട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളം വിദ്വാന്‍ പരീക്ഷ പാസായിട്ടുണ്ട്. ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളില്‍ അദ്ധ്യാപകനായിരുന്നു. പാവറട്ടി സംസ്കൃത കോളേജ് , പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജ് എന്നിവിടങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്. യു. ജി. സി. പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാരൃ ലക്ഷ്മിപിഷാരസ്യാര്‍. പ്രശസ്ത സാഹിത്യകാരന്‍ കെ. പി. മോഹനന്‍ ഉള്‍പ്പെടെ ആറ് മക്കളാണ് ചെറുകാടിന്. 1976 ഒക്ടോബര്‍ 28ന് അദ്ദേഹം അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു

NO COMMENTS