ഇടുക്കി : ഇടുക്കി ജില്ലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നു ജില്ലാ ഭരണകൂടം. ഏതു സമയത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവാൻ സാധ്യതയുണ്ടെന്നും നിർദ്ദേശമുണ്ട്. ജനങ്ങൾ വീടിനു പുറത്തേക്കുള്ള യാത്രയും പരമാവധി ഒഴിവാക്കണമെന്നു ഇടുക്കി കലക്ടർ കെ.ജീവൻബാബു അറിയിച്ചു. സുരക്ഷിതമായ വീടുകളിലും സ്ഥലങ്ങളിലും മാത്രം കഴിയുക. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ വാഹനഗതാഗതം പാടില്ല. രാത്രിയിലെ യാത്ര പൂർണമായി ഒഴിവാക്കണം.
ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ സുരക്ഷിതരാണ്, ബന്ധുക്കൾ ആശങ്കപ്പെടേണ്ടതില്ല. ദുരിതാശ്വാസ ക്യാംപുകളിലേക്കു സാധന സാമഗ്രികളുമായി ജില്ലയ്ക്കു പുറത്തുനിന്നു വരുന്നവർ പൊലീസിന്റെ നിർദേശങ്ങൾ അനുസരിക്കണം. ഇടുക്കിയിലെ എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും വിനോദയാത്രകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായും കലക്ടർ അറിയിച്ചു.