കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന് 24 വയസ്

368

കണ്ണൂര്‍ : കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന് 24 വയസ്. വിദ്യാഭ്യാസ കമ്പോളവല്‍ക്കരണത്തിനും നിയമന അഴിമതിക്കുമെതിരായ പോരാട്ടത്തിനിടെയാണ്
1994 നവംബർ 25 വൈകുന്നേരം, വൻ പോലീസ് അകമ്പടിയോടെ, രാഘവൻ എന്ന എം വി രാഘവൻ കൂത്തുപറമ്പിലെത്തിയത്. പരിയാരം സഹകരണ മെഡിക്കൽ കോളേജ് സ്വാശ്രയ മേഖലയിൽ ആരംഭിച്ച പശ്ചാത്തലത്തിൽ വിദ്യാഭ്യാസത്തിന്റെ സ്വാശ്രയവൽക്കരണത്തിനെതിരെ എന്ന പേരിലാണ് ഡിവൈഎഫ്ഐ രാഘവനെ തടയാനെത്തിയത്. ആദ്യം ടൗൺ ഹാൾ പരിസരത്തും, പിന്നീട് പോലീസ് സ്റ്റേഷനടുത്തുമാണ് വെടിവെപ്പുണ്ടായത്.
കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നീ അഞ്ചു യുവ പോരാളികളാണ് മരണപ്പെട്ടത്. പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയായി. സ്വാശ്രയ കോളജിനെതിരായ സമരവുമായി ബന്ധപ്പെട്ട് സഹകരണ മന്ത്രി എം വി രാഘവനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടാനെത്തിയപ്പോഴാണ് സംഭവം. സമാധാനപരമായ പ്രതിഷേധത്തെ രാഘവന്റെ ദുര്‍വാശിയെ തുടര്‍ന്ന് പൊലീസ് ചോരയില്‍ മുക്കി. ജനവികാരത്തെ ഭയപ്പെട്ട ഭരണാധികാരിയുടെ ധാര്‍ഷ്ട്യവും ആയുധശക്തിയില്‍ വിശ്വസിച്ച പൊലീസ് അധികൃതരുടെ അവിവേകവും ഒത്തുചേര്‍ന്നപ്പോള്‍ ഞെട്ടറ്റുവീണത് അഞ്ച് രക്തപുഷ്പങ്ങള്‍. കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. വെടിവയ്പ് അനാവശ്യവും ഒഴിവാക്കാവുന്നതുമായിരുന്നെന്നും ഇതിനു നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ വ്യക്തമാക്കുകയുണ്ടായി.

ദീര്‍ഘമായ നിയമപോരാട്ടത്തിന് കൂത്തുപറമ്പ് കേസ് വഴിയൊരുക്കി. 1997ല്‍ എം വി രാഘവന്‍ അറസ്റ്റിലായി. വെടിവയ്പിന് നേതൃത്വം നല്‍കിയ ഡിവൈഎസ്പി ഹക്കിം ബത്തേരി, എക്സിക്യൂട്ടീവ് മജിസ്ട്രട്ടായിരുന്ന ഡെപ്യൂട്ടി കലക്ടര്‍ ടി ടി ആന്റണി എന്നിവരും വെടിവച്ച പൊലീസുകാരും പ്രതികളായി. സുപ്രീംകോടതിവരെയെത്തിയ കേസില്‍ രാഘവനടക്കം മുഴുവന്‍ പ്രതികളെയും വിട്ടയക്കുകയായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളുടെ നിത്യസ്മരണ ഇന്ന് രാജ്യമാകെ യുവജന പോരാട്ടത്തിനുള്ള ഇന്ധനമാവുകയാണ്. അനശ്വര താരകങ്ങളായി അവര്‍ അഞ്ചു പേരും പുരോഗമന പ്രസ്ഥാനത്തിന്റെ സമരപന്ഥാവില്‍ പ്രകാശം ചൊരിയുന്നു. ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനും എന്നും ആവേശത്തിന്റെ പ്രതീകം.

NO COMMENTS