ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വി വി ഐ പി ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹി സിബിഐ കോടതി നാല് ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. സ്വിറ്റ്സര്‍ലന്റിലും ഇറ്റലിയിലും മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകയെന്ന വാദവുമായെത്തിയ റോസ് മേരി പട്രിസിയെ മിഷേലുമായി പത്ത് മിനിട്ട് സംസാരിക്കാന്‍ കോടതി അനുവദിച്ചു. സിബിഐ എതിര്‍പ്പ് അവഗണിച്ചാണിത്. എന്നാല്‍ കസ്റ്റഡിയില്‍ മിഷേലിനെ കാണണമെന്ന അഭിഭാഷകയുടെ ആവശ്യം കോടതി തള്ളി.