തിരുവനന്തപുരം : മോഹൻലാൽ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ പമ്പയിൽ വച്ച് രാത്രി ഒൻപത് മണിയോടെയാണ് ചർച്ച ആരംഭിച്ചത്. എ. എം. എം. എ. പ്രസിഡന്റായതിനു ശേഷം ആദ്യമായാണ് ഇദ്ദേഹം മന്ത്രിയെ സന്ദർശിക്കുന്നത്. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കണമോ വേണ്ടയോ എന്ന വിഷയത്തിന്മേലാണ് ചർച്ച പുരോഗമിക്കുന്നത്. ദിലീപിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് മോഹൻലാൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. ഇൗ കാര്യത്തിൽ ഡബ്ലയു. സി. സി. അംഗങ്ങൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ചർച്ച. ഫേസ്ബുക്ക് പോസ്റ്റുകളിലും ഇവരുടെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. മന്ത്രിയെ കാണാനെത്തിയ മോഹൻലാൽ തന്റെവക ഒരു ഉപഹാരവും അദ്ദേഹത്തിന് നൽകുന്നുണ്ട്. എന്നാൽ ചർച്ചയ്ക്കു ശേഷം ഇരുവരും മാധ്യമങ്ങളെ കാണുമോയെന്ന കാര്യത്തിൽ തീർച്ചയില്ല.