തിരുവനന്തപുരം : ഫിഫ ലോകകപ്പ് ഫുട്ബോൾ ആരംഭിച്ചതോടെ ഇനി ഒരുമാസക്കാലം തിരുവനന്തപുരം ജില്ലയിലെ പൂവാറും സമീപ പ്രദേശവും കാൽപ്പന്തുകളിയുടെ ശംഖനാദത്തിൽ മുഴങ്ങും. അന്താരാഷ്ട്രതലത്തിൽ ഇരുപത്തിയഞ്ചാം തവണയാണ് സെന്റ് ബർത്ത്തലോമിയസ് ചർച്ച് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നത്. ഓഖി ദുരന്തത്തിന്റെ അലയൊലികളിൽ ഇഴകിച്ചേർന്ന കടൽ തീരത്ത് ഇനി ആഘോഷത്തിത്തിന്റെ പെരുമഴക്കാലം. വിവിധ ടീമുകളുടെ നിറത്തിലുള്ള ജഴ്സിയണിഞ്ഞു ഇവർ കളിക്കളത്തിൽ പോരാടും. ദിവസവും വൈകിട്ട് അഞ്ച് മുതൽ ഏഴു മണി വരെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഓരോ പ്രദേശങ്ങൾക്കും 16 രാജ്യങ്ങളുടെ യഥാർത്ഥ നാമം തന്നെയാണ് നൽകിയിരിക്കുന്നത്. ഏകദേശം 3000 മുതൽ 4000ത്തോളം ഫുട്ബോൾ പ്രേമികൾ ഇവിടെ എത്തുമെന്നാണ് സംഘാടകർ പറയുന്നത്. തമിഴ്നാട് ജില്ലയിലെ തൂത്തൂർ മുതൽ തെക്കൻ തിരുവിതാംകൂറിലെ തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം വരെയുള്ള സ്ഥലങ്ങളിൽ നിന്നായി 32 ഓളം ടീമുകൾ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കും. ജേതാക്കൾക്ക് സംസ്ഥാന കായിക വകുപ്പ് മന്ത്രി സമ്മാനവും നൽകുന്നുണ്ട്. മൂന്നാം തവണയാണ് ലോകകപ്പ് മാതൃകയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ടൂർണ്ണമെൻറ് കൺവീനർ ഗിൽബർട്ട് “നെറ്റ് മലയാളത്തിനോട് “പറഞ്ഞു.
1983 നവംബർ 23 മുതൽ 2002 വരെ തുടർച്ചയായി മത്സരങ്ങൾ നടന്നുവെന്നും സംഘാടകരുടെ കുറവുമൂലം അഞ്ചുവർഷം കളി മുടങ്ങി എന്നും അദ്ദേഹം പറയുന്നു. പള്ളിപ്പെരുന്നാളിന്റെ പ്രതീതിയിൽ നടക്കുന്ന മാമാങ്കത്തിന് ഇന്നലെ കേളികൊട്ടുയർന്നു. ഇവിടത്തെ ജനസമൂഹം ഒന്നടങ്കം കാൽപന്തിന്റെ കാല്പനികത നിറഞ്ഞ പോരാട്ടങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.