തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ ബി ടെക് വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിരുന്ന ഇയര്‍ ഔട്ട് സമ്പ്രദായത്തില്‍ ഇളവ്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിലവില്‍ നാല്, ആറ്, എട്ട് സെമസ്റ്ററുകളില്‍ ഉണ്ടായിരുന്ന ഇയര്‍ ഔട്ട് സമ്പ്രദായം ഇനി മുതല്‍ അഞ്ച്, ഏഴ് സെമസ്റ്ററുകളിലേ ഉണ്ടാവുകയുള്ളു. അഞ്ചാം സെമസ്റ്ററിലേക്ക് കയറണമെങ്കില്‍ ഒന്ന്, രണ്ട് സെമസ്റ്ററുകളില്‍ ആകെ 26 ക്രെഡിറ്റ് ലഭിച്ചിരിക്കണം. ഏഴാം സെമസ്റ്ററിലേക്ക് വിദ്യാര്‍ഥി കടക്കണമെങ്കില്‍ ഒന്നുമുതല്‍ നാലുവരെ സെമസ്റ്ററുകളിലായി 52 ക്രെഡിറ്റ് ലഭിച്ചിരിക്കണം. ഇയര്‍ ഔട്ട് സമ്പ്രദായത്തിനെതിരേ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.