സൈനികരുടെ മൃതദേഹം എത്തിച്ചത് കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ ; സേന നടപടി വിവാദത്തില്‍

449

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ എത്തിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. അരുണാചല്‍ പ്രദേശിലെ തവാംഗില്‍ വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹമാണ് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ അയച്ചത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണ് അപകടത്തില്‍ മരിച്ചത്.

മൃതദേഹങ്ങള്‍ എത്തിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ പ്രാദേശികമായി ലഭിക്കാതെ വന്നപ്പോഴാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൈനിക ആസ്ഥാനത്തെത്തിച്ചതെന്നാണ് സേനയുടെ വിശദീകരണം. സമുദ്ര നിരപ്പില്‍ നിന്ന് 17000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലിക്കോപ്റ്ററുകള്‍ക്ക് കഴിയില്ലെന്നത് കൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഉപയോഗിക്കാന്‍ കാരണമെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. സൈനികരെ മൃതദേഹത്തെ അവഹേളിച്ച സംഭവത്തില്‍ ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) എച്ച്‌ എസ് പനാഗ് രംഗത്തെത്തി. മാതൃരാജ്യത്തെ സേവിക്കാന്‍ ഏഴ് ചെറുപ്പക്കാര്‍ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവര്‍ തിരിച്ചുവന്നത്- പാനാഗ് ട്വീറ്റ് ചെയ്തു. ബോഡി ബാഗുകളിലോ തടിപ്പെട്ടികളിലോ ശവപ്പെട്ടികളിലോ മൃതദേഹങ്ങള്‍ എത്തിക്കാമായിരിരുന്നില്ലെന്ന് എന്ന് സേനയുടെ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ കേണല്‍ അമാന്‍ ആനന്ദ് ചോദിച്ചു. ഗുവാഹത്തി സൈനിക ആശുപത്രിയില്‍ എത്തിച്ച്‌ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തടിപ്പെട്ടികളിലേക്ക് മാറ്റിയിരുന്നു.

നടപടിയെ ആദ്യം പിന്തുണച്ച സൈന്യം പിന്നീട് തിരുത്തി. നടന്നത് വലിയ ചട്ടലംഘനമാണെന്ന് സൈന്യം ഔദ്യോഗികമായി അറിയിച്ചു. ബോഡി ബാഗുകളും ശവപ്പെട്ടികളും ഇനി ഉറപ്പുവരുത്തുമെന്നും എല്ലാ സൈനിക ബഹുമതികളോടും കൂടിയാണ് മൃതദേഹങ്ങള്‍ അവരുടെ വീടുകളില്‍ എത്തിച്ചതെന്നും സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു.

NO COMMENTS