ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെതിര പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിന് ശേഷം വോട്ടിനിട്ട പ്രമേയം 126നെതിരെ 325 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എന്‍ ഡി എ ഘടകകക്ഷിയായ ശിവസേന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ശിവസേനക്ക് പുറമെ ബിജു ജനതാദളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍, എ ഐ എ ഡി എം കെ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.
ടി ഡി പിയിലെ ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയമവതരിപ്പിച്ചത്. കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത് രാഹുല്‍ ഗാന്ധി തന്നെ സര്‍ക്കാറിനെതിരെ കടന്നാക്രമണം നടത്തി. രാഹുല്‍ പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയതതുള്‍പ്പെടെ നാടകീയ രംഗങ്ങള്‍ക്ക് പാര്‍ലിമെന്റ് വേദിയായി. മറുപടി പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും രാഹുലിനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് മോദി ശ്രമിച്ചത്. രാഹുലിന് തന്റെ കസേരയില്‍ ഇരിക്കാന്‍ തിടുക്കമാണ്. എന്നാല്‍, തന്നെ കസേരയില്‍ നിന്ന് മാറ്റാന്‍ രാഹുലിനാകില്ലെന്നും ജനങ്ങളാണ് തന്നെ ഈ കസേരയിലിരുത്തിയതെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ ബഞ്ചില്‍ നിന്ന് ബഹളം ഉയര്‍ന്നെങ്കിലും മോദി പ്രസംഗം തുടര്‍ന്നു.
268 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം മറികടക്കുന്നതിന് സര്‍ക്കാറിന് വേണ്ടിയിരുന്നത്. ഭരണമുന്നണിയായ എന്‍ ഡി എക്ക് സ്പീക്കറെ കൂടാതെ 312 അംഗങ്ങളുണ്ട്. ഇതില്‍ ബി ജെ പി അംഗങ്ങള്‍ മാത്രം 273 ആണ്. 220 ആണ് ആകെ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം. കോണ്‍ഗ്രസും എന്‍ ഡി എയുടെ മുന്‍ ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയുമടക്കം പന്ത്രണ്ട് കക്ഷികളാണ് കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.