കല്‍പ്പറ്റ : വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. വയനാട് അമ്പലവയൽ നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ (29) മൃതദേഹമാണ് മാറിപ്പോയത്. അബുദാബിയില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിച്ചത്. രാവിലെ എട്ടരയോടെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലെത്തിയിരുന്നു. വീട്ടിലെത്തിച്ച ശേഷമാണ് മൃതദേഹം ചെന്നൈ സ്വദേശിയുടേതാണെന്ന് അറിയുന്നത്. വീട്ടുകാര്‍ ഉടന്‍തന്നെ അബുദാബിയില്‍ ബന്ധപ്പെട്ടപ്പോള്‍ നിഥിന്‍റെ മൃതദേഹം അവിടെതന്നെയുള്ളതായി അറിഞ്ഞു. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. ചെന്നൈ സ്വദേശിയുടെ മൃതദേഹം ബത്തേരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത് ഉടനെതന്നെ ചെന്നൈയില്‍ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. നിഥിന്‍റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സാമുഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നടന്നുവരുന്നു. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന നിഥിനെ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ജെനി എലിസബത്ത് നെറ്റ് മലയാളം